Friday, September 19, 2008

കവിത
....
പൊന്നുഷസ്സിന്‍ മഞ്ജുളാഭയും
സാന്ധ്യരാഗത്തിന്റെ ദീപ്തിയും
ഒത്തുചേര്‍ന്ന വര്‍ണ്ണഭംഗി, നിന്‍
മുക്തരൂപമെത്ര മോഹനം


Wednesday, July 19, 2006

എന്നെ വെറുതെ വിടുക
...
എന്നെ വെറുതെ വിടുക
എന്റെ വഴികളില്‍ ഇനി നീ കടന്നു വരാതിരിക്കുക
എല്ലുന്തിയ വഴികള്‍ എനിക്കു പുതുമയല്ല
മൌനമായെന്നെ പിനിവിളിക്കാതിരിക്കുക
മനസ്സില്‍ നിന്നും, ചിന്തയില്‍ നിന്നും പടിയിറങ്ങുക
വരികള്‍ക്കിടയിലൊളിച്ചിരുന്നെന്റെ പേനയെ വഴിതെറ്റിക്കാതിരിക്കുക
രാവില്‍, കൊട്ടിയടച്ചസ്വപ്നത്തിന്റെ താക്കോല്‍‌പ്പഴുതിലൂടെ
നൂണ്ടിറങ്ങിയെന്നെ ഉണര്‍ത്താതിരിക്കുക

Saturday, July 15, 2006

JUST a COMMENT...

ഇടത്തേക്കണ്ണിലൂടെ കണ്ടാല്‍, എല്ലാം ഹത്യ തന്നെ!
വലത്തെക്കണ്ണിലൂടെ കണ്ടാല്‍, എല്ലാം കര്‍ത്തവ്യം തന്നെ!
അതുകൊണ്ടെത്രേ, ദൈവം മനുഷ്യനു ഇടത്തും വലത്തും കണ്ണുകള്‍ നല്‍കിയത്!
...
Note: “ഇടത്തും“, “വലത്തും“ എന്നീ പ്രയോഗങ്ങള്‍ രാഷ്ട്രീയ സൂചകങ്ങളല്ല.


Friday, July 07, 2006

.
ഇന്ന്‍
ഞാന്‍ മലയാളം ബ്ലുലോഗുപാടത്തിലൂടെ കറങ്ങി നടന്നു...
മനോഹരം..!
കണ്ടതും കേട്ടതുമെല്ലാം ഇഷ്ടപ്പെടുന്നതു മാത്രം.
മനസ്സു തുറന്നു മിണ്ടുന്ന, ചിരിയ്ക്കുന്ന ഒത്തിരിപ്പേര്‍!
അവര്‍ വിതറിയ വിത്തുകള്‍
വിരിഞ്ഞ്...
വളര്‍ന്ന്‍...
നന്മയുടെ പൂക്കള്‍ വിടര്‍ത്തി
തലയാട്ടി നില്‍ക്കുന്നു.
ഒരോ അതിഥിക്കും ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കാന്‍.
മനസ്സില്‍ നിന്നുമുള്ള ഒരു പുഞ്ചിരി!
...
ഈ മനോഹര തീരത്തു നില്‍ക്കുമ്പോല്‍
എന്നെ മറക്കുന്നെന്‍ ദു:ഖം മറക്കുന്നു
എല്ലാം മറക്കുന്നു ഞാന്‍
ഇന്നെല്ലാം മറക്കുന്നു ഞാ‍ന്‍!
...
നന്ദി, ഒരുപാടൊരുപാട്...എല്ലാവര്‍ക്കും!

Thursday, June 08, 2006

2 my dear cht frnd

പിണങ്ങരുത്,
ഇത്, നീ പ്രതീക്ഷിക്കുന്ന കവിതയല്ല,
കഥയുമല്ല.
എന്റെ വിരല്‍തുമ്പില്‍ ഭാവന വിടരുന്നില്ല,
വരണ്ട മനസ്സില്‍
തളിര്‍ വളരുന്നതു കാത്തിരിക്കാന്‍ ക്ഷമയുമില്ല.
...
ഇന്നു നിന്റെ മുന്നില്‍ തുറന്നു വെക്കാന്‍
എന്റെ മനസ്സും കയ്യിലില്ല, അത്
കണ്‍‌മുന്നിലെ ഒരു ബിന്ദുവിലുമുറയ്ക്കാതെ
ഒഴുകി നടക്കുന്നു...
...
ഇവിടെ ഞാന്‍
സങ്കല്പത്തിനും യഥാര്‍ത്ഥ്യത്തിനുമിടയിലെ
ഇഴകള്‍ തുന്നുകയാണ്,
സ്വയം നഷ്ടപ്പെടുത്തുന്ന ചര്യകളില്‍ അന്നം തേടി
ഇന്നിനെ ഇന്നലെയില്‍ നിന്നും തിരിച്ചറിയാന്‍
ചുവര്‍കലണ്ടറില്‍ അഭയം തേടി...
അങ്ങനെ അങ്ങനെ
അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു!
ഈ കമ്പ്യൂട്ടറിനു മുന്നിലുള്ള ജീവിതം
എന്നില്‍ നിന്നും എന്നെ പിഴുതെറിയുന്നു!
...
വേണ്ട!
ഞാനൊന്നും എഴുതുന്നില്ല, ഒന്നും...
വിരല്‍തുമ്പിലെന്റെ മനസ്സ് വഴിതെറ്റുന്നു
നല്ല വാക്കുകളൊന്നും നാവിന്‍‌തുമ്പിലില്ല,
കിനാക്കളില്‍ നിറങ്ങളില്ല,
ശൂന്യത...
അതിന്റെ ഭാരം പേറാനെന്റെ എഴുത്തോലയ്ക്കൂ ത്രാണിയുമില്ല
...
എനിക്കു നീ, വടിവുള്ള അച്ചടിയക്ഷരങ്ങളില്‍
സ്വപ്നങ്ങള്‍ നിറയ്ക്കുന്ന
അര്‍ത്ഥവും ജീവനുമാണ്.
ദൂരെയുള്ള പ്രതീക്ഷ!
...
വീണ്ടും,
എന്നെങ്കിലുമൊരു ചാറ്റ് റൂമില്‍
നിനക്കു പ്രിയപ്പെട്ട ഏരിയല്‍-11 ഫോണ്ടില്‍
വിളറിച്ചിരിക്കുന്ന “സ്‌മൈലി“-കളായി
നമുക്കു കണ്ടുമുട്ടാം,
അന്നു വരെ, എന്റെ ശൂന്യത എനിക്കും
നിന്റെ സ്വപ്നങ്ങള്‍ നിനക്കും
സ്വന്തമായിരിക്കട്ടെ.

Tuesday, May 23, 2006

ഭാഗ്യം
...
കനം തൂങ്ങിയ
കണ്‍പോളയ്ക്കടിയില്‍ പിടഞ്ഞ്,
പിടഞ്ഞ് പുറത്തായൊരു തുള്ളി കണ്ണീര്‍
കണ്‍കൊണിലൂടെ താഴോട്ട്...
...
പോയ കാലം തീര്‍ത്ത
വരകളുടെയും മടക്കുകളുടെയും ചുരങ്ങള്‍ കടന്ന്
അമ്മ പണ്ട് മറുകണിയിച്ച
പിന്നെ പ്രണയം മുത്തിയ
നിവരാത്ത ചുളിവുള്ള കവിളിലൂടെ
ആറ്റുനോറ്റ മകന്‍
കടല്‍കടന്നു പോകും മുന്‍പ് നല്‍കിയ
വിരല്‍ തുമ്പിന്റെ നൊമ്പരപ്പാടും കടന്ന്...
...
ഗതിമാറാന്‍ നിവൃത്തിയില്ലാതെ
ഒഴുകിയൊഴുകി
മൌന നൊമ്പരങ്ങളുടെ ചൂടും പേറി
മുന്‍പേ പോയ തുള്ളിയുടെ വഴിയെതന്നെ
വരണ്ട മുഖം വിട്ടു താഴോട്ട്...
...
കയ്യിരിലിരുന്നു നിറം മങ്ങിയ
മോന്റെയച്ഛന്റെ ചിത്രത്തിലൊരു
കണ്ണീര്‍ക്കളത്തിനരികു തീര്‍ത്ത്
പതിയെ പറഞ്ഞു
“മോന്റെയച്ഛനു ഭാഗ്യമില്ല
മുറ്റം നിറയെ പൂക്കളുള്ള,
വെള്ളം ചീറ്റുന്ന പാവകളുള്ള,
മാര്‍ബിള്‍ പതിച്ച,
അറിയാതെ പൊലും പരിഭവിക്കാത്ത
വൃദ്ധസദനത്തിലെ,
ഈ മരിക്കാത്തവരുടെ ശവപ്പറമ്പിലെ
അല്ലലില്ലാത്ത ജീവിതം കിട്ടിയില്ലല്ലൊ.

Monday, May 08, 2006

കള്ളം
...
ഏഴു നിറങ്ങള്‍ ചേര്‍ന്നെത്രെ വെട്ടത്തെ വെളുപ്പിച്ചത്!
പച്ചക്കള്ളം
ഓലമറയുടെ വിടവിലൂടെ വഴുതി
മുറിയില്‍ വീണ
ഒരു തുള്ളി വെട്ടത്തെ കയ്യിലെടുത്ത്
മൂര്‍ച്ചയുള്ള കത്തികൊണ്ടിഴപിരിച്ചു നോക്കി
ഒന്നേയുള്ളു നിറം
ചുവപ്പ്!
...

This page is powered by Blogger. Isn't yours?