വ്യാഴാഴ്‌ച, ജൂലൈ 20, 2006

എന്നെ വെറുതെ വിടുക! 

എന്നെ വെറുതെ വിടുക
എന്റെ വഴികളില്‍ ഇനി നീ കടന്നു വരാതിരിക്കുക
എല്ലുന്തിയ വഴികള്‍ എനിക്കു പുതുമയല്ല
മൌനമായെന്നെ പിനിവിളിക്കാതിരിക്കുക
മനസ്സില്‍ നിന്നും, ചിന്തയില്‍ നിന്നും പടിയിറങ്ങുക
വരികള്‍ക്കിടയിലൊളിച്ചിരുന്നെന്റെ പേനയെ വഴിതെറ്റിക്കാതിരിക്കുക
രാവില്‍, കൊട്ടിയടച്ചസ്വപ്നത്തിന്റെ താക്കോല്‍‌പ്പഴുതിലൂടെ
നൂണ്ടിറങ്ങിയെന്നെ ഉണര്‍ത്താതിരിക്കുക

 

ശനിയാഴ്‌ച, ജൂലൈ 15, 2006

JUST a COMMENT...

ഇടത്തേക്കണ്ണിലൂടെ കണ്ടാല്‍, എല്ലാം ഹത്യ തന്നെ!
വലത്തെക്കണ്ണിലൂടെ കണ്ടാല്‍, എല്ലാം കര്‍ത്തവ്യം തന്നെ!
അതുകൊണ്ടെത്രേ, ദൈവം മനുഷ്യനു ഇടത്തും വലത്തും കണ്ണുകള്‍ നല്‍കിയത്!
...
Note: “ഇടത്തും“, “വലത്തും“ എന്നീ പ്രയോഗങ്ങള്‍ രാഷ്ട്രീയ സൂചകങ്ങളല്ല.

ശനിയാഴ്‌ച, ജൂലൈ 08, 2006

.
ഇന്ന്‍
ഞാന്‍ മലയാളം ബ്ലുലോഗുപാടത്തിലൂടെ കറങ്ങി നടന്നു...
മനോഹരം..!
കണ്ടതും കേട്ടതുമെല്ലാം ഇഷ്ടപ്പെടുന്നതു മാത്രം.
മനസ്സു തുറന്നു മിണ്ടുന്ന, ചിരിയ്ക്കുന്ന ഒത്തിരിപ്പേര്‍!
അവര്‍ വിതറിയ വിത്തുകള്‍
വിരിഞ്ഞ്...
വളര്‍ന്ന്‍...
നന്മയുടെ പൂക്കള്‍ വിടര്‍ത്തി
തലയാട്ടി നില്‍ക്കുന്നു.
ഒരോ അതിഥിക്കും ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കാന്‍.
മനസ്സില്‍ നിന്നുമുള്ള ഒരു പുഞ്ചിരി!
...
ഈ മനോഹര തീരത്തു നില്‍ക്കുമ്പോല്‍
എന്നെ മറക്കുന്നെന്‍ ദു:ഖം മറക്കുന്നു
എല്ലാം മറക്കുന്നു ഞാന്‍
ഇന്നെല്ലാം മറക്കുന്നു ഞാ‍ന്‍!
...
നന്ദി, ഒരുപാടൊരുപാട്...എല്ലാവര്‍ക്കും!

വ്യാഴാഴ്‌ച, ജൂൺ 08, 2006

2 my dr cht frnd

പിണങ്ങരുത്,
ഇത്, നീ പ്രതീക്ഷിക്കുന്ന കവിതയല്ല,
കഥയുമല്ല.
എന്റെ വിരല്‍തുമ്പില്‍ ഭാവന വിടരുന്നില്ല,
വരണ്ട മനസ്സില്‍
തളിര്‍ വളരുന്നതു കാത്തിരിക്കാന്‍ ക്ഷമയുമില്ല.

ഇന്നു നിന്റെ മുന്നില്‍ തുറന്നു വെക്കാന്‍
എന്റെ മനസ്സും കയ്യിലില്ല, അത്
കണ്‍‌മുന്നിലെ ഒരു ബിന്ദുവിലുമുറയ്ക്കാതെ
ഒഴുകി നടക്കുന്നു...

ഇവിടെ ഞാന്‍
സങ്കല്പത്തിനും യഥാര്‍ത്ഥ്യത്തിനുമിടയിലെ
ഇഴകള്‍ തുന്നുകയാണ്,
സ്വയം നഷ്ടപ്പെടുത്തുന്ന ചര്യകളില്‍ അന്നം തേടി
ഇന്നിനെ ഇന്നലെയില്‍ നിന്നും തിരിച്ചറിയാന്‍
ചുവര്‍കലണ്ടറില്‍ അഭയം തേടി...
അങ്ങനെ അങ്ങനെ
അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു!
ഈ കമ്പ്യൂട്ടറിനു മുന്നിലുള്ള ജീവിതം
എന്നില്‍ നിന്നും എന്നെ പിഴുതെറിയുന്നു!

വേണ്ട!
ഞാനൊന്നും എഴുതുന്നില്ല, ഒന്നും...
വിരല്‍തുമ്പിലെന്റെ മനസ്സ് വഴിതെറ്റുന്നു
നല്ല വാക്കുകളൊന്നും നാവിന്‍‌തുമ്പിലില്ല,
കിനാക്കളില്‍ നിറങ്ങളില്ല,
ശൂന്യത...
അതിന്റെ ഭാരം പേറാനെന്റെ എഴുത്തോലയ്ക്കൂ ത്രാണിയുമില്ല

എനിക്കു നീ, വടിവുള്ള അച്ചടിയക്ഷരങ്ങളില്‍
സ്വപ്നങ്ങള്‍ നിറയ്ക്കുന്ന
അര്‍ത്ഥവും ജീവനുമാണ്.
ദൂരെയുള്ള പ്രതീക്ഷ!

വീണ്ടും,
എന്നെങ്കിലുമൊരു ചാറ്റ് റൂമില്‍
നിനക്കു പ്രിയപ്പെട്ട ഏരിയല്‍-11 ഫോണ്ടില്‍
വിളറിച്ചിരിക്കുന്ന “സ്‌മൈലി“-കളായി
നമുക്കു കണ്ടുമുട്ടാം,
അന്നു വരെ, എന്റെ ശൂന്യത എനിക്കും
നിന്റെ സ്വപ്നങ്ങള്‍ നിനക്കും
സ്വന്തമായിരിക്കട്ടെ.

ചൊവ്വാഴ്ച, മേയ് 23, 2006

ഭാഗ്യം
...
കനം തൂങ്ങിയ
കണ്‍പോളയ്ക്കടിയില്‍ പിടഞ്ഞ്,
പിടഞ്ഞ് പുറത്തായൊരു തുള്ളി കണ്ണീര്‍
കണ്‍കൊണിലൂടെ താഴോട്ട്...
...
പോയ കാലം തീര്‍ത്ത
വരകളുടെയും മടക്കുകളുടെയും ചുരങ്ങള്‍ കടന്ന്
അമ്മ പണ്ട് മറുകണിയിച്ച
പിന്നെ പ്രണയം മുത്തിയ
നിവരാത്ത ചുളിവുള്ള കവിളിലൂടെ
ആറ്റുനോറ്റ മകന്‍
കടല്‍കടന്നു പോകും മുന്‍പ് നല്‍കിയ
വിരല്‍ തുമ്പിന്റെ നൊമ്പരപ്പാടും കടന്ന്...
...
ഗതിമാറാന്‍ നിവൃത്തിയില്ലാതെ
ഒഴുകിയൊഴുകി
മൌന നൊമ്പരങ്ങളുടെ ചൂടും പേറി
മുന്‍പേ പോയ തുള്ളിയുടെ വഴിയെതന്നെ
വരണ്ട മുഖം വിട്ടു താഴോട്ട്...
...
കയ്യിരിലിരുന്നു നിറം മങ്ങിയ
മോന്റെയച്ഛന്റെ ചിത്രത്തിലൊരു
കണ്ണീര്‍ക്കളത്തിനരികു തീര്‍ത്ത്
പതിയെ പറഞ്ഞു
“മോന്റെയച്ഛനു ഭാഗ്യമില്ല
മുറ്റം നിറയെ പൂക്കളുള്ള,
വെള്ളം ചീറ്റുന്ന പാവകളുള്ള,
മാര്‍ബിള്‍ പതിച്ച,
അറിയാതെ പൊലും പരിഭവിക്കാത്ത
വൃദ്ധസദനത്തിലെ,
ഈ മരിക്കാത്തവരുടെ ശവപ്പറമ്പിലെ
അല്ലലില്ലാത്ത ജീവിതം കിട്ടിയില്ലല്ലൊ.

തിങ്കളാഴ്‌ച, മേയ് 08, 2006

കള്ളം
...
ഏഴു നിറങ്ങള്‍ ചേര്‍ന്നെത്രെ വെട്ടത്തെ വെളുപ്പിച്ചത്!
പച്ചക്കള്ളം
ഓലമറയുടെ വിടവിലൂടെ വഴുതി
മുറിയില്‍ വീണ
ഒരു തുള്ളി വെട്ടത്തെ കയ്യിലെടുത്ത്
മൂര്‍ച്ചയുള്ള കത്തികൊണ്ടിഴപിരിച്ചു നോക്കി
ഒന്നേയുള്ളു നിറം
ചുവപ്പ്!
...

ബുധനാഴ്‌ച, മേയ് 03, 2006

.
ഇന്നു ഞാന്‍ നിനക്കു എഴുതുകയാണ്.
മനസ്സിന്റെ ചൂട് എവിടെയെങ്കിലും പകര്‍ത്തിയേ തീരു, എന്നൊരു തോന്നല്‍
...
ഇപ്പോള്‍ മനസ്സ് ശൂന്യമാണ്, പക്ഷെ ശൂന്യമല്ല!
എന്നാല്‍ ഒന്നിനെയും ഇഴപിരിക്കാനും കഴിയുന്നില്ല
കടലില്‍ വെള്ളം പടര്‍ന്നിരിക്കുന്നതുപോലെ,
അത് എന്നിലാകെ പടര്‍ന്നിരിക്കുന്നു
...
ഒഴിവു സമയത്ത് കണക്കെടുപ്പു നടത്തുകയാണെന്റെ സമകാലിക വിനോദം
കൈമോശം വന്ന, അല്ല വരുത്തിയ കല്പനകളുടെയും സ്വപ്നങ്ങളുടെയും കണക്കെടുപ്പ്
ചിലപ്പോള്‍ ഒരു തീര്‍ത്ഥാടനം പോലെ അനുഭൂതിദായകമാണത്
എന്നാല്‍ ചിലസമയങ്ങളില്‍ നഷ്ടബോധത്തിന്റെ തീക്ഷ്ണ ഗന്ധം എന്നെ വഴിതിരിച്ചുവിടുന്നു.
...
ബന്ധങ്ങള്‍..!
ഏതു നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നതായാലും
അതിന്റെ ഗതികള്‍ (ഗതികേടുകളും) എന്നെ ആശ്ചര്യപ്പെടുത്തുന്നു
സ്വഭാവികമായ സ്വാര്‍ത്ഥതയുടെ വികാസവും പരിണാമവും
ചിലനേരങ്ങളില്‍, ഒരുതരം കൌതുകത്തോടെ ഞാന്‍ നോക്കിക്കാണാറുണ്ട്
അതിന്റെ ഗതിവിഗതികളില്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍
എന്തുകൊണ്ട് സ്വയം ശ്രമിക്കുന്നില്ലെന്നതും കൌതുകകരം തന്നെ
...
എഴുതി വരുമ്പോള്‍, തുടരാന്‍ പറ്റാത്ത വിധത്തില്‍ മടുപ്പു ബാധിക്കുന്നു
അതും തോന്നലാണ്, പക്ഷെ ആ തോന്നലിനെ അടക്കി നിര്‍ത്തിയിട്ട്
ഈ പേനയെ അതിന്റെ വഴിക്കുവിട്ടാല്‍ സൃഷ്ടിക്കപ്പെടുന്ന വരകള്‍
സ്വഭാവികമാവുകയില്ല എന്നു ഞാന്‍ ഭയക്കുന്നു
ഇതു ഇവിടെ നിര്‍ത്തിയാല്‍ സ്വഭാവികമാണുതാനും
...
സ്വന്തം
_a_

വ്യാഴാഴ്‌ച, ഏപ്രിൽ 27, 2006

.
അറിയപ്പെടാനായി തിരക്കുകൂട്ടുന്നവരെ എനിക്കു പുച്ഛമാണ്.
അതുകൊണ്ട് ഞാന്‍ പുരപ്പുറത്തുകയറിനിന്നു വിളിച്ചുകൂവുന്നു,
അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന്...
...
കടപ്പാട്:പണ്ട്,
“ഞാന്‍ ജാതി ഉപേക്ഷിച്ചിരിക്കുന്നു,
അതുകൊണ്ട് എന്നെ ‘നമ്പൂതിരിപ്പാട്‘ എന്നിനി വിളിക്കരുത്‌ “
എന്നു കവല തോറും പ്രസംഗിച്ചു നടന്ന ഒരു വല്യ നേതാവിനോട്...

ഇത് ആദ്യ അശരീരി...
ഇവിടെ എന്നെ എന്റെ ശരീരം പ്രതിനിധീകരിക്കാത്തതിനാല്‍,
ഇതിനെ ഞാന്‍ അശരീരി എന്നു വിളിക്കുന്നു.
നിങ്ങളും അങ്ങനെതന്നെ വിളിക്കുക...