ചൊവ്വാഴ്ച, മേയ് 23, 2006

ഭാഗ്യം
...
കനം തൂങ്ങിയ
കണ്‍പോളയ്ക്കടിയില്‍ പിടഞ്ഞ്,
പിടഞ്ഞ് പുറത്തായൊരു തുള്ളി കണ്ണീര്‍
കണ്‍കൊണിലൂടെ താഴോട്ട്...
...
പോയ കാലം തീര്‍ത്ത
വരകളുടെയും മടക്കുകളുടെയും ചുരങ്ങള്‍ കടന്ന്
അമ്മ പണ്ട് മറുകണിയിച്ച
പിന്നെ പ്രണയം മുത്തിയ
നിവരാത്ത ചുളിവുള്ള കവിളിലൂടെ
ആറ്റുനോറ്റ മകന്‍
കടല്‍കടന്നു പോകും മുന്‍പ് നല്‍കിയ
വിരല്‍ തുമ്പിന്റെ നൊമ്പരപ്പാടും കടന്ന്...
...
ഗതിമാറാന്‍ നിവൃത്തിയില്ലാതെ
ഒഴുകിയൊഴുകി
മൌന നൊമ്പരങ്ങളുടെ ചൂടും പേറി
മുന്‍പേ പോയ തുള്ളിയുടെ വഴിയെതന്നെ
വരണ്ട മുഖം വിട്ടു താഴോട്ട്...
...
കയ്യിരിലിരുന്നു നിറം മങ്ങിയ
മോന്റെയച്ഛന്റെ ചിത്രത്തിലൊരു
കണ്ണീര്‍ക്കളത്തിനരികു തീര്‍ത്ത്
പതിയെ പറഞ്ഞു
“മോന്റെയച്ഛനു ഭാഗ്യമില്ല
മുറ്റം നിറയെ പൂക്കളുള്ള,
വെള്ളം ചീറ്റുന്ന പാവകളുള്ള,
മാര്‍ബിള്‍ പതിച്ച,
അറിയാതെ പൊലും പരിഭവിക്കാത്ത
വൃദ്ധസദനത്തിലെ,
ഈ മരിക്കാത്തവരുടെ ശവപ്പറമ്പിലെ
അല്ലലില്ലാത്ത ജീവിതം കിട്ടിയില്ലല്ലൊ.

തിങ്കളാഴ്‌ച, മേയ് 08, 2006

കള്ളം
...
ഏഴു നിറങ്ങള്‍ ചേര്‍ന്നെത്രെ വെട്ടത്തെ വെളുപ്പിച്ചത്!
പച്ചക്കള്ളം
ഓലമറയുടെ വിടവിലൂടെ വഴുതി
മുറിയില്‍ വീണ
ഒരു തുള്ളി വെട്ടത്തെ കയ്യിലെടുത്ത്
മൂര്‍ച്ചയുള്ള കത്തികൊണ്ടിഴപിരിച്ചു നോക്കി
ഒന്നേയുള്ളു നിറം
ചുവപ്പ്!
...

ബുധനാഴ്‌ച, മേയ് 03, 2006

.
ഇന്നു ഞാന്‍ നിനക്കു എഴുതുകയാണ്.
മനസ്സിന്റെ ചൂട് എവിടെയെങ്കിലും പകര്‍ത്തിയേ തീരു, എന്നൊരു തോന്നല്‍
...
ഇപ്പോള്‍ മനസ്സ് ശൂന്യമാണ്, പക്ഷെ ശൂന്യമല്ല!
എന്നാല്‍ ഒന്നിനെയും ഇഴപിരിക്കാനും കഴിയുന്നില്ല
കടലില്‍ വെള്ളം പടര്‍ന്നിരിക്കുന്നതുപോലെ,
അത് എന്നിലാകെ പടര്‍ന്നിരിക്കുന്നു
...
ഒഴിവു സമയത്ത് കണക്കെടുപ്പു നടത്തുകയാണെന്റെ സമകാലിക വിനോദം
കൈമോശം വന്ന, അല്ല വരുത്തിയ കല്പനകളുടെയും സ്വപ്നങ്ങളുടെയും കണക്കെടുപ്പ്
ചിലപ്പോള്‍ ഒരു തീര്‍ത്ഥാടനം പോലെ അനുഭൂതിദായകമാണത്
എന്നാല്‍ ചിലസമയങ്ങളില്‍ നഷ്ടബോധത്തിന്റെ തീക്ഷ്ണ ഗന്ധം എന്നെ വഴിതിരിച്ചുവിടുന്നു.
...
ബന്ധങ്ങള്‍..!
ഏതു നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നതായാലും
അതിന്റെ ഗതികള്‍ (ഗതികേടുകളും) എന്നെ ആശ്ചര്യപ്പെടുത്തുന്നു
സ്വഭാവികമായ സ്വാര്‍ത്ഥതയുടെ വികാസവും പരിണാമവും
ചിലനേരങ്ങളില്‍, ഒരുതരം കൌതുകത്തോടെ ഞാന്‍ നോക്കിക്കാണാറുണ്ട്
അതിന്റെ ഗതിവിഗതികളില്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍
എന്തുകൊണ്ട് സ്വയം ശ്രമിക്കുന്നില്ലെന്നതും കൌതുകകരം തന്നെ
...
എഴുതി വരുമ്പോള്‍, തുടരാന്‍ പറ്റാത്ത വിധത്തില്‍ മടുപ്പു ബാധിക്കുന്നു
അതും തോന്നലാണ്, പക്ഷെ ആ തോന്നലിനെ അടക്കി നിര്‍ത്തിയിട്ട്
ഈ പേനയെ അതിന്റെ വഴിക്കുവിട്ടാല്‍ സൃഷ്ടിക്കപ്പെടുന്ന വരകള്‍
സ്വഭാവികമാവുകയില്ല എന്നു ഞാന്‍ ഭയക്കുന്നു
ഇതു ഇവിടെ നിര്‍ത്തിയാല്‍ സ്വഭാവികമാണുതാനും
...
സ്വന്തം
_a_