വ്യാഴാഴ്‌ച, ജൂൺ 08, 2006

2 my dr cht frnd

പിണങ്ങരുത്,
ഇത്, നീ പ്രതീക്ഷിക്കുന്ന കവിതയല്ല,
കഥയുമല്ല.
എന്റെ വിരല്‍തുമ്പില്‍ ഭാവന വിടരുന്നില്ല,
വരണ്ട മനസ്സില്‍
തളിര്‍ വളരുന്നതു കാത്തിരിക്കാന്‍ ക്ഷമയുമില്ല.

ഇന്നു നിന്റെ മുന്നില്‍ തുറന്നു വെക്കാന്‍
എന്റെ മനസ്സും കയ്യിലില്ല, അത്
കണ്‍‌മുന്നിലെ ഒരു ബിന്ദുവിലുമുറയ്ക്കാതെ
ഒഴുകി നടക്കുന്നു...

ഇവിടെ ഞാന്‍
സങ്കല്പത്തിനും യഥാര്‍ത്ഥ്യത്തിനുമിടയിലെ
ഇഴകള്‍ തുന്നുകയാണ്,
സ്വയം നഷ്ടപ്പെടുത്തുന്ന ചര്യകളില്‍ അന്നം തേടി
ഇന്നിനെ ഇന്നലെയില്‍ നിന്നും തിരിച്ചറിയാന്‍
ചുവര്‍കലണ്ടറില്‍ അഭയം തേടി...
അങ്ങനെ അങ്ങനെ
അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു!
ഈ കമ്പ്യൂട്ടറിനു മുന്നിലുള്ള ജീവിതം
എന്നില്‍ നിന്നും എന്നെ പിഴുതെറിയുന്നു!

വേണ്ട!
ഞാനൊന്നും എഴുതുന്നില്ല, ഒന്നും...
വിരല്‍തുമ്പിലെന്റെ മനസ്സ് വഴിതെറ്റുന്നു
നല്ല വാക്കുകളൊന്നും നാവിന്‍‌തുമ്പിലില്ല,
കിനാക്കളില്‍ നിറങ്ങളില്ല,
ശൂന്യത...
അതിന്റെ ഭാരം പേറാനെന്റെ എഴുത്തോലയ്ക്കൂ ത്രാണിയുമില്ല

എനിക്കു നീ, വടിവുള്ള അച്ചടിയക്ഷരങ്ങളില്‍
സ്വപ്നങ്ങള്‍ നിറയ്ക്കുന്ന
അര്‍ത്ഥവും ജീവനുമാണ്.
ദൂരെയുള്ള പ്രതീക്ഷ!

വീണ്ടും,
എന്നെങ്കിലുമൊരു ചാറ്റ് റൂമില്‍
നിനക്കു പ്രിയപ്പെട്ട ഏരിയല്‍-11 ഫോണ്ടില്‍
വിളറിച്ചിരിക്കുന്ന “സ്‌മൈലി“-കളായി
നമുക്കു കണ്ടുമുട്ടാം,
അന്നു വരെ, എന്റെ ശൂന്യത എനിക്കും
നിന്റെ സ്വപ്നങ്ങള്‍ നിനക്കും
സ്വന്തമായിരിക്കട്ടെ.

4 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

"എനിക്കു നീ, വടിവുള്ള അച്ചടിയക്ഷരങ്ങളില്‍
സ്വപ്നങ്ങള്‍ നിറയ്ക്കുന്ന
അര്‍ത്ഥവും ജീവനുമാണ്.
ദൂരെയുള്ള പ്രതീക്ഷ!"


ഈ വരികള്‍ കാരണം ഈ കവിതക്കഥ ഞാന്‍ ഇഷ്ടപ്പെടുന്നു.

അശരീരി...| a പറഞ്ഞു...

നന്ദി സു!
മറുപടി പറയാന്‍ വൈകിയതില്‍ ക്ഷമിക്കുക,
ഒരു യാത്രയിലായിരുന്നു,
ഞാന്‍ ഞാനായിരുന്ന അപൂര്‍വ്വദിനങ്ങള്‍
ഞാന്‍ നിങ്ങളെയൊക്കെ ഓര്‍ത്തിരുന്നു,
പക്ഷെ മിണ്ടാന്‍ തോന്നിയില്ല.

:-)
സ്‌നേഹപൂര്‍വ്വം,
അശരീരി

manasi പറഞ്ഞു...

Illusive world of chats... Though Illusory sometimes it gives a sense of hope to go on...

Sree പറഞ്ഞു...

കവിത ഇഷ്ടപെട്ടെന്നു പറയാന്‍ കമന്റ്‌ പേജില്‍ വന്നതാണ്‌.. സു വിനുള്ള മറുപടി അത് കവിതയേക്കാള്‍ haunting..

"ഒരു യാത്രയിലായിരുന്നു,
ഞാന്‍ ഞാനായിരുന്ന അപൂര്‍വ്വദിനങ്ങള്‍
ഞാന്‍ നിങ്ങളെയൊക്കെ ഓര്‍ത്തിരുന്നു,
പക്ഷെ മിണ്ടാന്‍ തോന്നിയില്ല."

എനിക്കിപ്പോ കവിതകള്‍ വായിക്കാന്‍ ഇഷ്ടമാണ്.. ക്രെഡിറ്റ്‌ വേണമെങ്കില്‍ നിങ്ങള്കെടുക്കാം